ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കര്‍മ്മശാസ്ത്രം; വികാസത്തിന്‍റെ ഇടം

SHARE:

മുസ്ലിം സമുദായത്തിന്‍റെ ജീവിതം ദൈവഹിതത്തിന്‍റെ പ്രോക്തീകരണമാകണമെന്നാണ് അല്ലാഹുവും തിരുദൂതരും താല്‍പര്യപ്പെടുന്നത്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഭൂമിയി ലേക്ക് പ്രവചാകരെല്ലാം വന്നത്. എന്നാല്‍ മുഹമ്മദ് (സ)യുടെ സമൂഹം പാരത്രീക ലോകത്തേക്കുളള സുദൃഢമായ പാലം പണിതു അതിലൂടെയാണ് ചരിച്ചുകൊണ്ടിരിക്കുന്നത്.അതിനെയാണ് നമ്മള്‍ കര്‍മ്മശാസ്ത്ര സരണി എന്നു പറയുന്നത്. വേദക്കാരായ മുറകാലക്കാര്‍ അവരുടെ പ്രവാചകര്‍ക്ക് ശേഷം ആദര്‍ശത്തെ കൈവെടിഞ്ഞു. എന്നാല്‍ മുഹമ്മദ് നബിയുടെ സമുദായത്തില്‍ തുലോം തുഛമേ അതുണ്ടായുളളൂ. ആദര്‍ശ ബന്ധിതമായ സമൂഹത്തിന്‍റെ ഏകമാനമായ കാര്‍മ്മിക രൂപത്തെ ചര്‍ച്ചചെയ്യുന്ന നിദാനശാസ്ത്രമാണ് കര്‍മ്മശാസ്ത്ര (ഫിഖ്ഹ്) മെന്ന് നമുക്കിതിനെ നോക്കി കാണാവുന്നതാണ്.

തിരുദൂതരുടെ കാലഘട്ടത്തില്‍ ഇത്തരുണത്തില്‍ കര്‍മ്മശാസ്ത്ര വീഥി രൂപീകരിക്കേണ്ട ആവശ്യകതയുണ്ടായിരുന്നില്ല. ഖുര്‍ആനിന്‍റെയും തിരുഹദീസിന്‍റെയും പശ്ചാത്തലത്തെക്കുറിച്ച് ബോധ്യമുളളവരും സന്ദേഹങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ ഭാഗ്യം ലഭിച്ചവരും അവിടുത്തെ കര്‍മ്മങ്ങളും മൗനാനുവാദങ്ങളും നേരില്‍ ദര്‍ശിക്കാന്‍ അവസരം ലഭിച്ചവരുമായിരുന്നല്ലോ നബി (സ)യുടെ അനുചരര്‍. എന്നാല്‍ പ്രവാചകരുടെ വഫാത്തിനു ശേഷം താരക തുല്യരായ അനുചരരെ അനുധാവനം ചെയ്യാനാണ് സച്ചരിതരായ മുസ്ലിം സമൂഹം മുന്നോട്ടുവന്നത്. സ്വഹാബാക്കള്‍ക്ക് ശേഷം അവരില്‍ നിന്ന് കണ്ടും കേട്ടും പഠിച്ച് ജീവിതത്തിന്‍റെ ഭാഗമാക്കിയ താബിഉകളെ സമൂഹം മാര്‍ഗ രേഖയായി സ്വീകരിച്ചു. തുടര്‍ന്ന് അവരുടെ ശേഷക്കാരെയും പിന്തുടര്‍ന്നു. പിന്നീട് നിസ്സംശയം പിന്തുടരാനുതകുന്ന മുറകാലക്കാരെ ഉമ്മത്തിന് ലഭിക്കുകയുണ്ടായില്ല. നബിയും അനുചരരും പകര്‍ന്നുതന്ന ദീനി നെയും അതിന്‍റെ അനുഷ്ഠാന കര്‍മ്മങ്ങളെയും തനത് രീതിയില്‍ തന്നെ സംരക്ഷിക്കേണ്ടതപ്പോള്‍ അത്യന്താപേക്ഷിതമായി.

കര്‍മ്മശാസ്ത്ര  ക്രോഡീകരണ  രംഗത്ത്  ആഴവും  പരപ്പും  തൊട്ടറിഞ്ഞുളള  ഇടപെടലുകളുണ്ടാകുന്നത് എട്ടാം നൂറ്റാണ്ടിലാണ്. താബിഉകള്‍ക്ക് ശേഷം ലോകം ദര്‍ശിച്ച ഏറ്റവും അഗ്രേസരരായ പണ്ഡിതരും കര്‍മ്മശാസ്ത്ര വിശാരദരുമായിരുന്ന ഇമാം ഹനഫീ (റ)വിന്‍റെയും ഇമാം മാലികീ (റ)ന്‍റെയും ശിഷ്യന്‍ ഇദ്രീസു ബ്നു ശാഫിഈ (റ)ന്‍റെയും ഇവരുടെ ശിഷ്യന്‍ അഹ്മദ് ബ്നു ഹമ്പല്‍ (റ)ന്‍റെയും ഭാഗത്ത് നിന്നാണ് ശ്രദ്ധേയമായ ചലനങ്ങളുണ്ടാകുന്നത്. ഖുര്‍ആനിലും ഹദീസിലും തിരുസുന്നത്തിലുമായി ഇവര്‍ നടത്തിയ സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ (ഇജ്തിഹാദ്)ക്കുമൊടുവിലാണ് നാലുപേരും അവരുടെ കര്‍മ്മശാസ്ത്ര സരണി രൂപീകരിക്കുന്നത്. ശറഈ മാനങ്ങളുടെ  വിവക്ഷക്കനുസരിച്ചും  ഇജ്തിഹാദിന്‍റെ  തലത്തിലേക്കും  ഇനിയൊരു  പണ്ഡിതന്‍റെ  ആഗമനം അസാധ്യമായി  കാണുന്നതുകൊണ്ട്  ഇവരുടെ  ശേഷക്കാര്‍  നാലിലൊരു  കര്‍മ്മശാസ്ത്ര  സരണി പിന്തുടരേണ്ടതിനെ ശറഅ് (ഇസ്ലാമിക നിയമ വ്യവസ്ഥ) കണിശമായി നിശ്കര്‍ശിക്കുന്നുണ്ട്. ആനുകാലിക കര്‍മ്മശാസ്ത്രത്തിന്‍റെ വികാസ സാധ്യതകളെ പരിശോധിക്കുന്നതോടൊപ്പം കേരളത്തില്‍ ഫിഖ്ഹീ പഠനങ്ങളുടെയും ഗ്രന്ഥ രചനയുടെയും തുടക്കവും വികാസവും എങ്ങനെയായിരുന്നുവെന്നും അതിനു കരുത്തുപകര്‍ന്നവര്‍ ആരെല്ലാമായിരുന്നുവെന്നും പറയാന്‍ ഈ പഠനത്തില്‍ ഇടം കണ്ടെത്തിയിരിക്കുന്നു.

കേരളീയ ഇടപെടലുകള്‍

പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്ലാം കേരളക്കരയെ പുല്‍കിയിട്ടുണ്ട്. മാലിക് ദീനാര്‍ (റ)വിന്‍റെയും സഹോദരന്‍ മാലിക് ബ്നു ഹബീബ് (റ)ന്‍റെയും സംഘത്തിന്‍റെയും ആഗമനമാണ് അതിനു പ്രേരകമായത്. പക്ഷെ അവിടം തൊട്ട് മഖ്ദൂമീ പണ്ഡിതരുടെ കാലഘട്ടം വരെയുളള ചരിത്രം അജ്ഞാതമാണ്. കൈരളിയുടെ ചരിത്രം ഇതിവൃത്തമാക്കിയുളള  ആദ്യ രചനയുണ്ടാകുന്നത് തുഹ്ഫതുല്‍ മുജാഹിദീനിലൂടെയാണ്. അതുവരേക്കുമുളള കേരളീയ മുസ്ലിംകളുടെ ചരിത്രം നമുക്ക് ലഭിച്ചിട്ടില്ല. ഈ ഗ്രന്ഥമാധാരമാക്കിയാണ് ഇസ്ലാമിന്‍റെ ആഗമനത്തെക്കുറിച്ചും പ്രബോധനത്തെക്കുറിച്ചുമെല്ലാം നാം മനസ്സിലാക്കുന്നത്. അതില്‍ കവിഞ്ഞ് കേരള മുസ്ലിംകളുടെ പുരാതന ചരിത്രം മനസ്സിലാക്കുതിനുളള ഗൗരവമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. കേരളത്തിലെ മുസ്ലിംകളെ ശാഫിഈ കര്‍മ്മസരണിയില്‍ അണിനിരത്തിയതിലുളള മുഖ്യപങ്കും മഖ്ദൂമീ പണ്ഡിതരുടേതാണെത് സുവിധിതമാണ്. കേരളക്കരയില്‍ ശാഫിഈ കര്‍മ്മ ധാര പ്രചുരപ്രചാരം സിദ്ധിക്കുന്നതിന് ഉപോല്‍ബല കമായത് വിഖ്യാത ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്‍റെ രചന തന്നെയാണെന്നു പറയാം.

ഇസ്ലാമിക ഗ്രന്ഥരചനയുടെ തുടക്കക്കാര്‍ മഖ്ദൂമീ പണ്ഡിതരായിരുന്നുവെന്നത് പ്രസ്താവ്യമാണ്. അവര്‍ക്ക് മുമ്പ് മറ്റാരെങ്കിലും ഇതുസംബന്ധമായ ശ്രമം നടത്തിയിട്ടുണ്ടോ എന്നറിയുന്നതിന് കേരളീയ ചരിത്ര രചന പര്യാപ്തമല്ല. ഇന്ത്യന്‍ മുസ്ലിംകളുടെ പൈതൃകവും പണ്ഡിതരുടെ ജീവിത ചരിത്രവും രചനാപരവും അധ്യാപനപരവുമായ സംഭാവനകളും ചര്‍ച്ചചെയ്യുന്ന മഹാ ഗ്രന്ഥമായ നുസ്ഹതുല്‍ ഖവാത്ത്വിര്‍ പോലും കേരളത്തിലെ മുസ്ലിം പണ്ഡിതന്മാരെ അവഗണിച്ചു. നാലായിരത്തിലധികം പണ്ഡിതരുടെ ജീവചരിത്രം അബ്ദുല്‍ ഹയ്യ് അല്‍ ഹസനി പ്രതിപാദിച്ചെങ്കിലും കേരളത്തില്‍ നിന്നും രണ്ടോ മൂന്നോ പേര്‍ മാത്രമേ അതില്‍ എണ്ണപ്പെട്ടിട്ടുളളൂ. ഈ ഗ്രന്ഥത്തിലുളള   ന്യൂനതകള്‍ പരിഹരിക്കും വിധം തറാജിമുല്‍ മുഅല്ലിഫീന്‍ എന്ന പേരില്‍ അഹ്മദ് കോയ ശാലിയാത്തി ഒരു ഗ്രന്ഥം രചിച്ചു എന്നു പറയപ്പെടുന്നു. എന്നാല്‍ ഈ ഗ്രന്ഥം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് മിന്‍ നവാബിഗി ഉല മാഇ മലൈബാര്‍ എന്ന ഗ്രന്ഥത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദറൂസി അല്‍ അസ്ഹരി (അസ്ഹരി തങ്ങള്‍) എഴുതുന്നു. കേരള ചരിത്രത്തിന് വിനഷ്ടമായ അമൂല്യമായ നിധിശേഖരമാണ് പ്രസ്തുത ഗ്രന്ഥം.

കേരളത്തിലെ മുസ്ലിം പണ്ഡിതന്മാര്‍ കര്‍മ്മശാസ്ത്രത്തിലും മറ്റു ശാസ്ത്രവിഷയങ്ങളിലും ഗദ്യരീതിയിലും പദ്യരീതിയിലുമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രചിക്കപ്പെട്ട  ആദ്യത്തെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍റേതാണ്(1467-1556). കിഫായതുല്‍ ഫറാഇള്, മുര്‍ശിദുത്തുല്ലാബ്, ഹാശിയ അലല്‍ ഇര്‍ശാദ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍. തസ്വവ്വുഫിലും ചരിത്രത്തിലും അറബി വ്യാകരണത്തിലുമായി  പതിനൊന്ന് ഗ്രന്ഥങ്ങള്‍ വേറെയും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. ഹിദായത്തുല്‍ അദ്കിയാ കിതാബുസ്സ്വഫാ മിനശ്ശിഫാ, ഹാശിയ അലല്‍ അല്‍ഫിയ്യ തുടങ്ങിയവ ഉദാഹരണം.

ഇദ്ദേഹത്തിന്‍റെ തന്നെ പുത്രനായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമിന് (1509-1538) കര്‍മ്മശാസ്ത്രത്തില്‍ രണ്ട് കിതാബുകളുണ്ട്. അല്‍മുതഫറിദ്, അര്‍ക്കാനുസ്സ്വലാത്ത് തുടങ്ങിയവയാണവ. ഇവ ദര്‍സ് സിലബസുകളില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കപ്പെടുന്നുണ്ട്. ഗ്രന്ഥ രചനയില്‍ മഖ്ദൂമീ പണ്ഡിതരില്‍ ഏറ്റവും പ്രസിദ്ധരായത് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനാണെന്നത് ഏവര്‍ക്കും സുപരിചിതമാണ്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ കൂടുതല്‍ പിറന്നത് ഇദ്ദേഹത്തിന്‍റെ കരങ്ങളില്‍ തന്നെയായിരിക്കും. ശാഫിഈ കര്‍മ്മശാസ്ത്ര സരണിയില്‍ കേരളീയ മുസ്ലിംകളെ ഒന്നിപ്പിക്കുന്നതിന് കാരണമായ ഉപര്യുക്ത സൂചിത ഗ്രന്ഥമായ ഫത്ഉല്‍ മുഈനും അതിന്‍റെ മൂലഗ്രന്ഥമായ ഖുര്‍റതുല്‍ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍ ഉള്‍പ്പടെ ഏഴ് ഗ്രന്ഥങ്ങള്‍ കര്‍മ്മശാസ്ത്രത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അഹ്കാമുന്നികാഹ്, അല്‍ അജ്വിബതുല്‍ അജീബ, മിറഹാജുല്‍ വാളിഹ്, ഇര്‍ശാദുല്‍ ഇബാദ്, അല്‍ ഫതാവാ അല്‍ഹിന്ദിയ്യ എന്നിവയാണവ. അദ്ദേഹത്തിനു ശേഷം ശൈഖ് അബ്ദുല്‍ റഹ്മാന്‍ മഖ്ദൂം(1542-1620), അബ്ദുല്‍ അസീസ് മഖ്ദൂം രണ്ടാമന്‍ (മ.എ.ഡി.1681), അബ്ദു റഹ്മാന്‍ മഖ്ദൂം രണ്ടാമന്‍ (മ.എ.ഡി.1699), അബ്ദുല്‍ അസീസ് മഖ്ദൂം മൂന്നാമന്‍ (മ.എ.ഡി.1718) എന്നിങ്ങനെ മുപ്പത്തഞ്ചിലധികം മഖ്ദൂം ഖാസിമാരെ എണ്ണാന്‍ സാധിക്കുമെങ്കിലും ആരുടെയും ഗ്രന്ഥങ്ങള്‍ പുറത്തുവന്നതായി അറിവില്ല.

ഈ  ഗണത്തില്‍  പിന്നെ  ശ്രദ്ധേയനായത്  അവസാനത്തെ  സൈനുദ്ധീന്‍  മഖ്ദൂം  (1810-1888) (സൈനുദ്ധീന്‍ മഖ്ദൂം അഖീര്‍) ആണ്. എന്നാല്‍ ഇവരുടെ ഗ്രന്ഥങ്ങളൊന്നും പ്രസിദ്ധമായിട്ടില്ല. പൂര്‍വ്വകാലത്ത് മുഹമ്മദ് മഖ്ദൂം (മ.എ.ഡി.911) ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും വ്യാകരണം, തര്‍ക്കശാസ്ത്രം, മൗലീദ് സാഹിത്യം എന്നിവയില്‍ ഒതുങ്ങി നിന്നു. അഹ്മദുല്‍ ബദവീ, സയ്യിദ് ഹംസ, അസ്ഹാബുല്‍ ബദ്ര്‍, പുറത്തീല്‍ ശൈഖ് എന്നിവരുടെ മൗലീദ് രചിച്ചത് പഴയകത്ത് മുഹമ്മദ് മഖ്ദൂം എന്ന മമ്മിക്കുട്ടി മഖ്ദൂം ആണ്. അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ (1838-1897)ആണ് കര്‍മ്മശാസ്ത്രത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ച മറ്റൊരു പണ്ഡിതന്‍. കിതാബു കശ്ഫില്‍ ഗവാമില്‍ ഫീ ഇല്‍മില്‍ ഫറാഇള്, രിസാല ഫീ ഹുക്മി തര്‍ജമതുല്‍ ഖുര്‍ആന്‍, രിസാല ഫീ ഹുക്മി അല്‍ ഖാതമി അല്‍ മഖ്ലൂഥി ബിദ്ദഹബ് എന്നിവ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ്. മുഹമ്മദ് വമ്പിച്ചി മുസ്ലിയാര്‍ (1863-1953) കര്‍മശാസ്ത്രവുമായി അടുത്തു ബന്ധമുളള നികാഹിന്‍റെ ഖുത്ബയുടെ സമാഹാരം തന്നെ രചിച്ചിട്ടുണ്ട്.

മഖ്ദൂം വംശമല്ലാത്തവരും ഫിഖ്ഹീ രചന നടത്തിയിട്ടുണ്ട്. ഖാദി മുഹമ്മദി (എ.ഡി.1616) ന്‍റെ കുടുംബത്തിനും ഗ്രന്ഥ രചനയില്‍ സമ്പന്നമായ പൈതൃകമുണ്ട്. മഖാസിദുികാഹ്, മുല്‍തബഖാ തുല്‍ ഫറാഇള്, മറളൂമാതുല്‍ അളാഹീ എന്നിവ ഖാസി മുഹമ്മദിന്‍റെ കര്‍മ്മശാസ്ത്ര രചനകളാണ്. അദ്ദേഹത്തിന്‍റെ പുത്രന്‍ ഖാസി മുഹ്യുദ്ദീന്‍ (1597-1657) കര്‍മ്മ ശാസ്ത്രത്തില്‍ രചിച്ച ഗ്രന്ഥമാണ് പദ്യ രൂപത്തിലുളള ഖസ്വീദ ഫീ നഹ്സില്‍ അയ്യാം എന്നത്.

മൗലദ്ദവീല മമ്പുറം സയ്യിദ് അലവി തങ്ങളുടെ സൈഫുല്‍ ബത്താര്‍ എന്ന ഫത്വാ സമാഹാരവും കര്‍മ്മശാസ്ത്ര രചനയില്‍ ഗണിക്കപ്പെടാവുന്നതാണ്. ഇവരുടെ സതീര്‍ത്ഥ്യരും മുരീദുമായിരുന്ന ഉമര്‍ ഖാദി (എ.ഡി. 1757-1853) രചിച്ച മഖാസിദുന്നികാഹ്, അഹ്കാമുദ്ദഹ്ബ്, ശറഹു അഹ്കാമുദ്ദഹ്ബ് എന്നീ അറബി ഗ്രന്ഥങ്ങളും നഹ്സ് പാട്ടുകള്‍ എന്ന അറബി മലയാള പദ്യവും കര്‍മ്മശാസ്ത്ര രചനയായി നമുക്ക് ഗണിക്കാവുന്ന ഗ്രന്ഥങ്ങളാണ്.

പൊന്നാനി വലിയ പളളിയില്‍ ദര്‍സ് നടത്തിയിരുന്ന ഉദ്ദാരം ഇസ്മാഈല്‍ മുസ്ലിയാരാണ് കര്‍മ്മശാസ്ത്രത്തില്‍ ഗ്രന്ഥ രചന നടത്തിയ മറ്റൊരാള്‍. തുഹ്ഫതുല്‍ മുരീദ് ഫീ അഹ്കാമുദ്ദബ്ഹി ഫീ മസ്വീദ് എന്ന ഗ്രന്ഥവും നള്മു മത്നുല്‍ ഹികം എന്ന പദ്യവും ഇദ്ദേഹത്തിന്‍റേതാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തുടക്ക കാല വൈസ് പ്രസിഡന്‍റായിരുന്ന അബ്ദുല്‍ ഖാദിര്‍ അല്‍ ഫള്ഫരി (1896-1944) യുടേതായ ഫത്വയുടെ ഒരു സമാഹാരമുണ്ട്. സമസ്തയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാര്‍ (1888-1946) രചിച്ച ഇരുപത്തിയഞ്ച് ഗ്രന്ഥങ്ങളില്‍ മിക്കതും കര്‍മ്മശാസ്ത്ര സംബന്ധിയാണ്. കര്‍മ്മശാസ്ത്രത്തില്‍ ഗ്രന്ഥ രചന നടത്തിയുട്ടളളവരില്‍ പരാമര്‍ശമര്‍ഹിക്കുന്ന മറ്റൊരു പണ്ഡിതനാണ് അഹ്മദ് കോയ ശാലിയാത്തി (1885-1955). അദ്ദേഹത്തിന്‍റെ രചനയില്‍ ഖൈറുല്‍ അദില്ല ഫീ ഇസ്തിഖ്ബാലില്‍ ഖിബ്ല, അല്‍ബയാനി അഹ്കാമി മസ്ബൂഖ്, തഹ്ഖീഖുല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍, അല്‍മഖാമുല്‍ ഹാവീ ഫീ റദ്ദില്‍ ഫതാവാ വആവീ, അല്‍ഹുകുമുര്‍റാസിഖ് ഫീ ഹുക്മി സ്വുവരില്‍ മശാഇഖ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്കു പുറമെ അല്‍ഫാതാവാ അല്‍ അസഹരിയ്യ എന്നീ ഗ്രന്ഥവും അദ്ദേഹത്തിന്‍റെ കര്‍മ്മശാസ്ത്ര സംബന്ധിയായ രചനകളാണ്.

സമസ്തയുടെ തന്നെ നേതാക്കളില്‍ പ്രമുഖനും പ്രസിഡന്‍റുമായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്ലിയാരുടെ ഗ്രന്ഥമാണ് മുതഫര്‍രിദുന്‍ ഫില്‍ ഫിഖ്ഹ് എന്നത്. സമസ്തയുടെ മറ്റൊരു സമുന്നത നേതാവും അല്‍ബയാന്‍ പത്രത്തിന്‍റെ എഡിറ്ററുമായിരുന്ന അബ്ദുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്ലിയാരുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളാണ് ഫസ്വ്ലുല്‍ കിതാബ് ഫീ ഹിജാബിന്നിസാഅ്, മജല്ലതു ഫാതാവല്‍ ഫുഹൂല്‍ ഫിസ്തിഅ്മാലി അല്‍ ആലാതി വഥഥബൂല്‍, ഖളാഉല്‍ ഇറബ് ഫീ വഅ്ളില്‍ ഖുഥ്ബതി ഫീ ഗൈറി ലുഗതില്‍ അറബ്, ഫതാവാ റഫ്ഇസ്സൗതി മഅല്‍ ജനാസ റഗ്മന്‍ അല മന്‍ അജാസ എന്നിവയെല്ലാം. പണ്ഡിത പ്രമുഖനായ കൈപറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍ക്ക് കര്‍മ്മശാസ്ത്രവുമായി നേരിട്ടില്ലെങ്കിലും അടുത്തു ബന്ധമുളള രണ്ട് കിതാബുകളുണ്ട്. രിസാലതു തറബീഹ് എന്നീ ഗ്രന്ഥത്തില്‍ ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമായ ഫുഖഹാക്കളുടെ ജീവിത ചരിത്രമാണ് ഇതിവൃത്തമാക്കുന്നത്. രണ്ടാമത്തെ ഗ്രന്ഥമായ മാദാ വളീഫതുല്‍ ഫുഖഹാഅ് എന്ന ഗ്രന്ഥത്തില്‍ ഫുഖഹാക്കളുടെ ധര്‍മത്തെയും ദൗത്യത്തെയും വിശദീകരിക്കുകയാണ് ചെയ്യുന്നത്.

ശൈഖ് അഹ്മദ് അല്‍ ഹംദാനിയുടെ (വ.1938) ഉംദതുല്‍ കരീദ് ലി അഹ്കാമിദ്ദബ്ഹി വല്‍ മസ്വീദ്, ഖാദി മുഹമ്മദിന്‍റെ (മ.1573) അല്‍ ഫറാഇളുല്‍ മല്‍തഖഥ്, അഹ്മദ് കോയ ശാലിയാതി (റ) യുടെ അല്‍ ഖസ്വീദതുല്‍ അസ്ഗരിയ്യ ഫീ ഹുകുമി ഥലാഖി ബില്‍ കലിമാതില്‍ മലൈബാരിയ്യ, ഉമര്‍ ഖാദി (റ)യുടെ ഖസ്വീദതു ഥലാഖ് അല്‍ മുഖ്തസ്വറ തുടങ്ങിയവ കര്‍മ്മശാസ്ത്ര സംബന്ധമായ രചനകളാണ്. സയ്യിദ് ശരീഫ് ഹാമിദ് ബിന്‍ സയ്യിദ് മുഹമ്മദ് (വ.1934) എന്നവരുടെ മബ്ലഗുല്‍ അമല്‍ ഫില്‍ മുറാഇഅതി ആദാബില്‍ അക്ല്‍, പാടാനപ്പളളി ഹാജി മുഹമ്മദ് മുസ്ലിയാരുടെ മറളൂമാതു ജാമിഅ ഫറാഇളില്‍ മിറഹാജ്, ഹാജി കുഞ്ഞി മുഹമ്മദ് ബിറ അബൂബക്കറിന്‍റെ (വ.1961) അല്‍ഫാറാഇളുല്‍ അല്‍ഫിയ്യയും കോയാമു മുസ്ലിയാര്‍ വലിയോറയുടെ (വ.2003) ഖസ്വീദതു തഹ്ദീര്‍ അല്‍ ഇബ്ദാഅ് മിറ തഹ്ബീരില്‍ ഇബ്തിദാഅ്, അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ നജ്മു ഖുര്‍റതുല്‍ ഐന്‍ ലി മത്നി ഫത്ഹുല്‍ മുഈറ എന്നിങ്ങനെ പതിനെട്ടോളം കാവ്യങ്ങള്‍ കര്‍മ്മശാസ്ത്ര രചനകളുടെ ഗണത്തില്‍ പെടുത്താവുതാണ്.

അന്‍വര്‍ അബ്ദുല്ല ഫള്ഫരി, പൂക്കോട്ടൂര്‍ മുഹമ്മദ് മുസ്ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്ലിയാര്‍ തുടങ്ങിയ ധാരാളം പണ്ഡിതര്‍ അടുത്തകാലം വരെ ഗ്രന്ഥ രചന തുടരുന്നവരാണ്. ഇവരില്‍ അറവര്‍ അബ്ദുല്ല ഫള്ഫരിയുടെ അന്‍മന്‍ളൂമുല്‍ ഫള്ഫരിയ്യ ഫില്‍ ഖവാഇദില്‍ ഫിഖ്ഹിയ്യയും ഖുര്‍റതുല്‍ ഐനിന്‍റെ കാവ്യ രൂപവും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുളളവയാണ്. കേരളത്തിന്‍റെ കര്‍മ്മശാസ്ത്ര സംബന്ധിയായ പഠനങ്ങളെയും ഗ്രന്ഥ രചനയെയും നമ്മള്‍ അവലോകന വിധേയമാക്കുമ്പോള്‍ പ്രധാനമായും നികാഹ്, ത്വലാഖ്, അനന്തരാവകാശം, അറവ് എന്നീ പരിമിത മേഖലകളാണ് ഗ്രന്ഥ രചനകള്‍ക്ക് വിഷയീഭവിച്ചിട്ടുളളത് എന്ന് മനസ്സിലാക്കാവുന്നതാണ്.

ആനുകാലിക കര്‍മ്മശാസ്ത്രം

പുതിയ കാല സംഭവ വികാസങ്ങളോടും വൈദ്യശാസ്ത്ര രംഗത്തുണ്ടായ ശാസ്ത്രീയ ചികിത്സ രീതികളോടും സാമൂഹികമായും വൈയക്തികമായും ആനുകാലിക കര്‍മ്മശാസ്ത്രം എങ്ങനെ ഇടപെടുന്നു എന്നതില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ട്.

കര്‍മ്മശാസ്ത്ര ഗ്രന്ഥ രചനയില്‍ നാം പിന്നോക്കം പോയിട്ടുണ്ട് എന്നത് വസ്തുതയാണ്. കഴിവുറ്റ പണ്ഡിതരില്‍ പലര്‍ക്കും അതതു കാലത്തെ സമൂഹത്തിലെ ധാര്‍മികച്യുതിയോടും അനിസ്ലാമിക പ്രവണതകളോടും ഏറ്റുമുട്ടേണ്ടി വന്നതാണിതിന് പ്രധാന കാരണം. എങ്കിലും ഫിഖ്ഹീ പഠനങ്ങളും ഗവേഷണങ്ങളും സിമ്പോസിയങ്ങളുമെല്ലാമായി ഇപ്പോഴും കര്‍മ്മശാസ്ത്ര ചര്‍ച്ചകളും വിശകലനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പുതിയ കാലത്തുണ്ടായ ശൈലീ മാറ്റമാണിത് സൂചിപ്പിക്കുത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളോടും ആധുനിക ചികിത്സാ രീതികളോടും കര്‍മ്മശാസ്ത്രം എങ്ങനെ താദാത്മ്യപ്പെടുന്നുവെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായക്യം ഉളളവയും ഇല്ലാത്തവയും ഉണ്ട്. എങ്കിലും ആധുനിക സംഭവ വികാസങ്ങള്‍ക്ക് ഉചിതമായ  പ്രാമാണിക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ മറുപടി നല്‍കാന്‍ പണ്ഡിതര്‍ക്ക് സാധിക്കുന്നുണ്ട്. ഈ മാറ്റത്തോട് ഏറ്റവുമധികം സംവദിക്കുന്ന കേരളത്തിലെ സംവിധാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക്   കീഴില്‍ പ്രവര്‍ത്തിക്കു ഫത്വാ കമ്മിറ്റി.

വികാസത്തിന്‍റെ ഇടം

ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ കൂടുതല്‍ സമൂഹവുമായി ഇടപെടുന്നത് കര്‍മ്മശാസ്ത്രമാണെന്നതില്‍ അഭിപ്രായാന്തരമില്ല. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ സമഗ്രതകൊണ്ടും ഇതില്‍ ഭേദഗതി വരുത്തതക്ക പ്രാവീണ്യമുളള ഗവേഷണ പ്രാപ്തിയുളള ഒരു പണ്ഡിതന്‍റെ ഉദയം അസംഭവ്യമായി കാണുന്നതുകൊണ്ടും പുതിയൊരു രചന ഇനിയുണ്ടായിക്കൂടാ. മനുഷ്യഗന്ധിയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മുസ്ലിമുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കേണ്ടത് അതത് കര്‍മ്മ സരണിയിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. അതിന് അവ പര്യാപ്തവുമാണ്. സന്ദര്‍ഭോചിതം ഭേദഗതി ചെയ്യപ്പെടേണ്ട ആവശ്യം ഇതര ഇസ്ലാമിക വിഷയങ്ങള്‍ക്കില്ലാത്തത് പോലെത്തന്നെ കര്‍മ്മശാസ്ത്രത്തിനും ഇല്ല.

കേരളത്തില്‍ ഭൂരിഭാഗവും ശാഫിഈ കര്‍മ്മ സരണി അനുധാവനം ചെയ്യുന്നവരായതുകൊണ്ടുതന്നെ ശാഫിഈ കര്‍മ്മധാരയിലെ പ്രബല ഗ്രന്ഥങ്ങളായ ഇബ്നുഹജറുല്‍ ഹൈതമി (റ)യുടെ തുഹ്ഫതുല്‍ മുഹ്താജ്, ഇമാം റംലി (റ)യുടെ നിഹായതുല്‍ മുഹ്താജ് തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്നുദ്ധരിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്ന പതിവാണുളളത്. ആവശ്യമെങ്കില്‍ മറ്റു കര്‍മ്മശാ സ്ത്ര സരണികളിലുളള പ്രാമാണിക ഗ്രന്ഥങ്ങളെയും പരിശോധനക്കു വിധേയമാക്കാവുന്നതാണ്.

ശാസ്ത്രീയ ചികിത്സാ രീതികളിലെ പുതിയ കണ്ടെത്തലുകള്‍ക്കും മനുഷ്യരുടെ പ്രവര്‍ത്തന മണ്ഡലവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ ഉപയോഗത്തിലെ സാധുതകളെക്കുറിച്ചും വിധിതീര്‍പ്പാക്കേണ്ടത് കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അടിസ്ഥാന ചുമതലയായത് കൊണ്ടുതന്നെ ആധികാരിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ ബലത്തോടെ പരിഹാരം നിര്‍ദ്ധേശിക്കുകയാണ് അവര്‍ ചെയ്യുന്നത്. ക്ലോണിംഗിന്‍റെ ഫിഖ്ഹീ മാനം, അവയവ മാറ്റവും വില്‍പനയും, രക്ത ദാനവും വില്‍പനയും, കുടുംബാസൂത്രണം,  ഇറഷൂറന്‍സ്,  പ്ലാസ്റ്റിക്  സര്‍ജറി,  ബേങ്ക് ഇടപാടുകള്‍,  ഹെയര്‍  ട്രാന്‍സ്പ്ലാന്‍റേഷന്‍ തുടങ്ങി എല്ലാ ആനുകാലിക വിഷയങ്ങളിലും കര്‍മ്മശാസ്ത്രത്തിന് കൃത്യമായ വീക്ഷണമുണ്ട്.

ആധുനിക ഫിഖ്ഹീ പഠനങ്ങളും ചര്‍ച്ചകളുമെല്ലാം പരമ്പരാഗത രീതിയില്‍ നിന്നും മാറി നൂതനമായ ശൈലിയില്‍ ആവിഷ്കരിക്കപ്പെടുന്നുവെന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഗവേഷണങ്ങള്‍, സെമിനാറുകള്‍, സിംബോസിയങ്ങള്‍, സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്റ്റഡി ക്ലാസുകള്‍ തുടങ്ങി കര്‍മ്മശാസ്ത്രത്തെ പുതിയ മൂശയില്‍ വാര്‍ത്തെടുത്ത് അവതരിപ്പിക്കുകയാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധേയവും വമ്പിച്ച ഫലമുളവാക്കുന്നതും പുതിയ കാലത്തിന്‍റെ എടുത്തു പറയത്തക്ക സവിശേഷതയുമാണ്.മനുഷ്യഗന്ധിയായ പുതിയ  ചില  കണ്ടെത്തലുകളോടുളള  കര്‍മ്മശാസ്ത്രത്തിന്‍റെ സമീപനം എന്താണ്െ ലഘുവായി ചുവടെ കുറിക്കുന്നു. അവയവ ദാനം, വില്പന അവയവ ദാനത്തെയോ വില്‍പനയെയോ ഇസ്ലാമിക കര്‍മ്മശാസത്രം സാധൂകരിക്കുന്നില്ല. ഒരാള്‍ക്കും അവന്‍റെ സ്വന്തം ശരീരത്തിന്‍റെ മേല്‍ യാതൊരു ഉടമസ്ഥാവകാശവുമില്ലെന്ന് പ്രബല ഗ്രന്ഥമായ തുഹ്ഫ വ്യക്തമാക്കുന്നു. വഖ്ഫിന്‍റെ ബാബില്‍ ഇങ്ങനെ പറയുന്നു. ഒരു സ്വതന്ത്രന്‍ അവന്‍റെ സ്വശരീരത്തെ വഖ്ഫ് ചെയ്താല്‍ അത് സാധുവാകുകയില്ല. കാരണം അവന്‍റെ ശരീരം അവന് ഉടമസ്ഥാവകാശം ഇല്ലാത്തതാകുന്നുچ (തുഹ്ഫ.6:239). മറ്റൊരു പ്രധാനഗ്രന്ഥമായ മുഗ്നിയില്‍ ഇതേ സ്ഥലത്ത് സ്വന്തം ശരീരത്തെ ദാനം ചെയ്താല്‍ ശരിപ്പെടാത്തത് പോലെ' എന്നുണ്ട്.

രക്തം കയറ്റല്‍

നിര്‍ബന്ധ സാഹചര്യത്തില്‍ രക്തം കുടിക്കുന്നതും ശരീരത്തില്‍ കയറ്റുന്നതും കര്‍മ്മശാസ്ത്രം അനുവദിനീയമാക്കുന്നുണ്ട്. തുഹ്ഫയില്‍ ഇങ്ങനെ പറയുന്നു. 'ജീവനും സ്വത്തിനും സംരക്ഷണം ന ല്‍കപ്പെട്ട വ്യക്തി നിര്‍ബന്ധിതനാവുകയും അവറ മരിച്ചുപോകുമെന്നോ മാരകമോ അല്ലാത്തതോ ആയ രോഗം പിടിപെടുമെന്നോ അല്ലെങ്കില്‍ തയമ്മുമിനെ അനുവദനീയമാക്കുന്ന മറ്റു വല്ല വൈകല്യം ഉണ്ടാകലിനെയോ ഭയപ്പെടുകയും ശവം (അത് നായ, പന്നി എന്നിവയുടേതായാല്‍ പോലും) ര ക്തം പോലെയുളള ഹറാമായ സാധനമല്ലാത്ത മറ്റൊന്നും ലഭിക്കാതിരിക്കുകയും ചെയ്താല്‍ രക്തം, ശവം പോലെയുളളത് തിന്നലും കുടിക്കലും അനുവദിനീയമാണ്. അവ മസ്ത് ഉണ്ടാക്കാത്തവയാണെങ്കില്‍' (തുഹ്ഫ.9:390). രക്തം വില്പന നടത്തല്‍ അനുവദിനീയമല്ല. വില്‍ക്കപ്പെടുന്ന സാധനം ഉടമസ്ഥാവകാശത്തിന് പുറമെ ശുദ്ധിയുളളത് കൂടിയായിരിക്കല്‍ നിബന്ധനയുണ്ട്. രക്തം നജ്സ് ആയതിനാല്‍ വില്‍ക്കാന്‍ പാടില്ലാത്തതാകുന്നു.

അവയവങ്ങള്‍ മാറ്റിവെക്കല്‍

ശരീരത്തില്‍ ചര്‍മ്മം നഷ്ടപ്പെട്ട ഭാഗത്ത് മറ്റൊരു ഭാഗത്ത് നിന്ന്  ചര്‍മ്മം എടുത്തു മാറ്റിവെക്കുന്നത് ചികിത്സാര്‍ത്ഥം അനുവദിനീയമാണ്. 'ഒരാള്‍ ശരീരത്തിന്‍റെ ഒരു ഭാഗത്ത് നിന്ന് എല്ലെടുത്ത് മറ്റൊരു ഭാഗത്ത് ചേര്‍ത്തുവെക്കുന്നതിന് തടസ്സമില്ല. കാലിന്‍റെ എല്ലില്‍ നിന്നും എടുത്ത് കയ്യിന്‍റെ എല്ലിലേക്ക് ചേര്‍ത്ത് ഘടിപ്പിച്ച് വെക്കുന്നത് പോലെ ഇത് അനുവദനീയമാണെന്ന്  ശറഹുമഹദ്ദബില്‍ പറയുന്നു. അതുപോലെ കൃത്രിമ അവയവങ്ങളും അത് നജസായാല്‍ പോലും ഉപയോഗിക്കാവുന്നതാണ്.     ഇതില്‍ ഇപ്പോള്‍ ഉപയോഗിക്കു സാധനങ്ങള്‍ അധികവും ജിലാറ്റിന്‍ കൊണ്ട് നിര്‍മ്മിക്കുന്നവയാണ്. മൃഗങ്ങളുടെ എല്ലുകളും തോലുകളും ഉപയോഗിച്ചുണ്ടാക്കപ്പെടുതാണിത് അവ രൂപാന്തരണം പ്രാപിച്ചാണ് മനുഷ്യാവയവങ്ങളായി മാറുന്നത്.

സ്വന്തം ശരീരത്തിലെ അവയവങ്ങളോ കൃത്രിമ അവയവങ്ങളോ മനുഷ്യനല്ലാത്ത മറ്റു ജീവിക ളുടെ അവയവങ്ങളോ ലഭിക്കാത്ത നിര്‍ബന്ധ സാഹചര്യത്തില്‍ മറ്റു മനുഷ്യരുടെ അവയവങ്ങളും ഘടിപ്പിക്കാവുതാണ്. നിഹായയില്‍ ഇങ്ങനെയുണ്ട്. 'ഘടിപ്പിച്ചു വെക്കാന്‍ പറ്റിയ നജസായ സാധനവും മനുഷ്യാസ്ഥിയും രണ്ടും ലഭിച്ചാല്‍ നജസായ സാധനത്തിന് മുന്‍ഗണന നല്‍കേണ്ടതാണ് ' (നിഹായ1.437). മനുഷ്യാസ്ഥിയല്ലാതെ മറ്റൊന്നും ലഭിക്കാതിരുന്നാല്‍ അത് തന്നെ ഉപയോഗിക്കേണ്ടതാണ്. സ്ത്രീയുടെ അവയവം പുരുഷന് വെച്ചാല്‍ അത് തൊടല്‍ കൊണ്ട് വുളൂഅ് മുറിയുകയില്ല. മറിച്ചും അങ്ങനെത്തന്നെ (ശര്‍വാനി 2.126).

ഇന്‍ഷൂറന്‍സ്

യാദൃശ്ചികമായി ഉണ്ടാകുന്ന അപകടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും പരിഹാരം കൊടുത്തുകൊളളണമെന്ന കരാറാണ് ഇന്‍ഷൂറന്‍സ്. അപഹരിക്കപ്പെടുക, തീപിടിക്കുക പോലെയുളള നഷ്ടങ്ങള്‍ സംഭവിച്ചാല്‍ അത് പരിഹരിക്കാമെന്നോ അല്ലെങ്കില്‍ അപകടം, മരണം തുടങ്ങിയ സംഭവങ്ങളില്‍ വല്ലതും ഉണ്ടായാല്‍ നിശ്ചിത സംഖ്യ നല്‍കാമെന്നൊക്കെയുളള വാഗ്ദാനങ്ങള്‍ അടങ്ങിയതാണ് പ്രസ്തുത കരാര്‍. അഞ്ച് കാരണങ്ങളാല്‍ ഇത് ഹറാമാണ് ഒന്ന്. അധികപ്പലിശയുളളത് കൊണ്ട്. രണ്ട്. പണത്തിന് പകരം പണം കൊടുക്കുമ്പോള്‍ നാല് നിബന്ധനകള്‍ ഉണ്ട്  അതില്‍പ്പെട്ട സമത്വം, കൈക്ക് കൈ എന്നീ രണ്ട് നിബന്ധനകള്‍ ലംഘിക്കപ്പെടുന്നു.    . മറ്റുളളവരുടെ സമ്പത്ത് അന്യായമായി വാരിക്കൂട്ടുന്ന ഏര്‍പ്പാടും ഇതിലുണ്ട്. നാല്. ഒരാള്‍ ലൈഫ് ഇഷൂറന്‍സ് എടുത്താല്‍ നിശ്ചിത കാലാവധിക്കുളളില്‍ മരണം സംഭവിച്ചില്ലെങ്കില്‍ അടച്ച പണം ബോണസടക്കം പലിശയായി തിരിച്ചു കിട്ടുന്നു. ഇത്  പേരില്‍  ബോണസാണെങ്കിലും  പലിശ  തന്നെയാണ്.  അഞ്ച്.  അപകടം  സംഭവിച്ചില്ലെങ്കില്‍ നോമിനിയായ മക്കള്‍ക്കോ ഭാര്യക്കോ വസ്വിയ്യാത്തായി കിട്ടുന്നു. വസ്വിയ്യത്ത് കൈവശമുളള വസ്തുവിലേ അനുവദിനീയമാവുകയുളളൂ. അതിനാല്‍ അടവ് തുടങ്ങാത്തത് കൊണ്ട് ഇവന് സമ്പത്തില്ല. നോമിനിക്ക് ലഭിക്കുന്ന സ്വത്ത് ഇവന്‍റേതല്ല. അവന്‍ പണം അടച്ചു തീര്‍ന്നിട്ടില്ല. ഇടക്കു വച്ചു മരിച്ചതാണ്. അവര്‍ക്കു കിട്ടിയതിലും അടച്ചതിലും പലിശയുണ്ട്. പലിശ ഒരാള്‍ക്കും അവകാശമുളളതല്ല.

ഭൂരിപക്ഷ പണ്ഡിതന്മാരും ആധുനിക ലോകത്ത് നിലവിലുളള ഇന്‍ഷൂറന്‍സ് സമ്പ്രദായം അനിസ്ലാമികവും അതുമായി ബന്ധപ്പെടല്‍ നിഷിദ്ധമാണെും പറഞ്ഞിട്ടുണ്ട്. റാബിത്വതില്‍ ആലമില്‍ ഇസ്ലാമിയ്യയുടെ ഫിഖ്ഹ് കൗٹ.സില്‍ ഹിജ്റ 1398 ന് മക്കയില്‍ ചേര്‍ന്ന യോഗത്തിലും ഇന്‍ഷൂറന്‍സ്  ഹറാമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മദീനാ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് റിസേര്‍ച്ചും ഹറാമാണെന്നാണ് പറഞ്ഞിട്ടുളളത്. ഇന്ത്യയില്‍ നദ്വതുല്‍ ഉലമ ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലും ഇന്‍ഷൂറന്‍സ് ഹറാമാണെന്നാണ് തീരുമാനമുണ്ടായത്.

പ്ലാസ്റ്റിക് സര്‍ജറി     

രൂപപ്പെടുത്തുക എന്നര്‍ത്ഥമുളള പ്ലാസ്റ്റിക്കോസ് എന്ന വാക്കില്‍ നിന്നാണ് പ്ലാസ്റ്റിക് എന്ന പദത്തിന്‍റെ നിശ്പത്തിٹ.. ശസ്ത്രക്രിയ മൂലം അവയവങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്ന ചികിത്സാരീതിയാണിത്. ശസ്ത്രക്രിയയിലൂടെ സ്ത്രീ പുരുഷനായാല്‍ പുരുഷന്‍റെ വിധിയും പുരുഷന്‍ സ്ത്രീയായാല്‍ സ്ത്രീയുടെ  വിധിയുമാണ്  (തുഹ്ഫ  9.  383).  ദമ്പതികളാണ്  രൂപം  മാറിയതെങ്കില്‍  രൂപം  തന്നെ മാറിയാല്‍ വിവാഹ ബന്ധം മുറിയും (ജമല്‍ 235). പെണ്ണായി രൂപം മാറിയാല്‍ തൊട്ടാല്‍ വുളൂഅ് മുറിയുമെങ്കിലും ശര്‍വാനി പറയുന്നത് പ്ലാസ്റ്റിക് സര്‍ജറികൊണ്ട് പുരുഷന്‍ പെണ്ണായാല്‍ സത്ത മാറാത്തത് കൊണ്ട് വുളൂഅ് മുറിയുകയില്ല എന്നാണ് (ശര്‍വാനി 1.137).

മസ്തിഷ്ക മരണം

മസ്തിഷ്ക മരണം യഥാര്‍ത്ഥ മരണമല്ല. ചില അവയവത്തില്‍ നിന്ന് മാത്രം ആത്മാവ് പിരിഞ്ഞ് പോയത് കൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. യഥാര്‍ത്ഥമരണം സംഭവിച്ചാലെ മരണാനന്തരം ചെയ്യേണ്ട സ്വത്തവകാശം, ഖിയാസ്, ദിയ പരിപാലനം മുതലായവ ചെയ്യാനാവൂ.

ബാങ്ക് ഇടപെടലുകള്‍

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. വില്‍പന അല്ലാഹു ഹലാലാക്കുകയും പലിശ ഹറാമാക്കുകയും ചെയ്തു. (അല്‍ബഖറ.275). പണത്തിന്മേല്‍ ക്രയവിക്രയം നടക്കാതെ നിര്‍ജീവാവസ്ഥയില്‍ കിടക്കുന്നത് കൊണ്ടാണ് പലിശയെ അല്ലാഹു നിഷിദ്ധമാക്കിയത്. ബാങ്ക് ഇടപാടുകളെ ഇസ്ലാം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഹെയര്‍ ട്രാന്‍സ് പ്ലാന്‍റേഷന്‍   

മുടി വേരോടെ പിഴുതെടുത്ത് മുടിയില്ലാത്ത ഭാഗത്ത് സുഷിരങ്ങരളുണ്ടാക്കി  നട്ടുപിടിപ്പിക്കുകയും തൊലിയടക്കം മുറിച്ചെടുത്ത് മുടിയില്ലാത്ത ഭാഗത്ത് തുന്നിച്ചേര്‍ക്കുകയോ ചെയ്യുന്നതിനെയാണ് ഹെയര്‍ ട്രാന്‍സ് പ്ലാന്‍റേഷന്‍ എന്ന് നാം പറയുന്നത്. ഇത് മനുഷ്യ മുടിയാണെങ്കിലും നജസായ മുടിയാണെങ്കിലും ഹറാമാണ്. കഷണ്ടിത്തലയില്‍ മുടി വെച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് ഇസ്ലാമികമല്ല (മുസ്ലിം).

മനുഷ്യ കോശങ്ങളുടെയും നജസായ രോമങ്ങളുടെയും ഉപയോഗം സ്ത്രീ പുരുഷ ഭേദമന്യേ ഇസ്ലാം വിലക്കുന്നുണ്ട്. ഇത് രണ്ടുമല്ലാത്തത് നിബന്ധനകള്‍ക്ക് വിധേയമായി ചേര്‍ക്കാം. ഭര്‍തൃമതിയാണെങ്കില്‍ സമ്മതമുണ്ടാവുകയും വേണം (മുഗ്നി 1.191).

നട്ടുപിടിപ്പിച്ച മുടിയില്‍ തടവിയാല്‍ വുളൂഅ് സാധുവാകുകയില്ല (തുഹ്ഫ 1.140). നട്ടുപിടിപ്പിച്ച മുടി തലയിലെ മാംസവുമായി ജീവനും വളര്‍ച്ചയും പ്രാപിച്ചാല്‍ സാധാരണ മുടിയുടെ വിധിയാണ്.

പരിസമാപ്തി

ആധുനിക കാലത്തും കര്‍മ്മശാസ്ത്രത്തിന്‍റെ പ്രസക്തിക്ക് പോറലേല്‍ക്കുന്നില്ല. ഇസ്ലാം നിലനില്‍ക്കുന്ന കാലത്തോളം അത് അപരിമേയമായി തുടരുകയും ചെയ്യും. വിശ്വാസിയുടെ മുഴുചലനങ്ങളും ഏതുവിധേനയായിരിക്കണമെന്ന  കൃത്യമായി രേഖപ്പെടുത്തിയിട്ടുളള  കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കനുസരിച്ചേ വിശ്വാസി ചരിക്കാന്‍ പാടുളളൂ. അതിനാല്‍ കര്‍മ്മശാസ്ത്രം എന്നും സാംഗത്യമുളളതാണ്. അഗാത പാണ്ഡിത്യത്തിന്‍റെ ഉടമകളും മതത്തില്‍ ഗവേഷണ പ്രാഗല്‍ഭ്യമുളളവരുമായ പണ്ഡിതരാണ്ഫിഖ്ഹിനെ ക്രോഡീകരിച്ചിട്ടുളളത്. കോഡീകൃത സംഗതികളിലുളള ഗവേഷണവും ചര്‍ച്ചയുമെല്ലാം ഇനിയുമാവാമെന്നല്ലാതെ പുതിയൊരു കാര്‍മ്മിക മണ്ഡലം സ്ഥാപിക്കാനോ ആ വിധത്തിലുളള ഗ്രന്ഥ രചന നടത്താനോ ആര്‍ക്കും അനുവാദമില്ലാത്തതാകുന്നു.

പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് അവതരിപ്പിക്കുന്ന ശൈലി നിരക്കു രീതിയില്‍ മാറ്റുന്നതിന് വിരോധമോ വിഘ്നമോ ഒട്ടുമില്ല. ആധുനിക യുണിവേഴ്സിറ്റികളെല്ലാം അത്തരത്തിലുളള പഠനങ്ങളും ഗവേഷണങ്ങളും ചര്‍ച്ചകളുമെല്ലാം നിരന്തരം നടക്കുന്നുണ്ട്. ഇത്തരം ചലനങ്ങള്‍ ശ്രേയസ്കരവും ശ്ലാഘനീയവുമാണ്. ഇത്തരത്തിലുളള പഠനങ്ങളുടെയും സിംബോസിയങ്ങളുടെയുമൊക്കെ ഫലമെന്നോണം കാമ്പസുകളിലെല്ലാം മതജാഗരണം നടപ്പിലാക്കാന്‍ സാധിക്കുതാണ്. സ മസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്‍ കാമ്പസ് വിംഗ് ഈവിധത്തിലുളള ഒരു ചലനമാണ് നടത്തിവരുന്നത്. കാമ്പസുകളിലെ ധാര്‍മിക പരിസരം വേരറ്റുപോകാതിരിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണുതാനും. മൊബൈലിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും സാംക്രമിക വികാസം സാധ്യമായ ഇക്കാലത്ത് സോഷ്യമീഡിയയിലൂടെയുളള പഠനക്ലാസുകളുടെയും അനുബന്ധ പരിപാടികളുടെയുമെല്ലാം കൈമാറ്റം ഏറെ ഫലവത്തും നല്ലൊരു ശതമാനം ആളുകളെയും മതത്തിന്‍റെ വേലി ചാടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുതകുതുമാണെന്നതൊരു വസ്തുതയാണ്.

സെമിനാറുകള്‍ക്കും ഗവേഷണങ്ങള്‍ക്കുമെല്ലാം വളരെയധികം പ്രാധാന്യം നല്‍കിവരുന്ന ഒരു സമയത്താണ് നാം ജീവിക്കുന്നത്. സാധരണമായ ഇടപെടലുകള്‍ക്ക് പുറമെ ആനുകാലിക പ്രസക്തമായ മേഖലകളിലേക്കും നമ്മുടെ ശ്രദ്ധപതിയേണ്ടതുണ്ട്. അവയുടെയെല്ലാം ധാര്‍മികമായ ആത്മാവ് നിലനിര്‍ത്താന്‍ മുസ്ലിം കൈരളി ജാഗ്രരായി നിലകൊളേളണ്ടതുണ്ട്.

 

റഫറന്‍സ്

അല്‍ഫിഖ്ഹുല്‍ മുആസറ ഫില്‍ ഖളായാ അല്‍ഹാദിസിയ്യ - എ.കെ യൂസുഫ് മുസ്ലിയാര്‍ കരീറ്റിപ്പറമ്പ്

താരീഖു ഫിഖ്ഹില്‍ ഇസ്ലാമി - മുഹമ്മദ് അലി അല്‍സായിസ്

അല്‍മുര്‍ശിദ് .വിശ്വാസവും കര്‍മ്മശാസ്ത്രവും - മുഹമ്മദ് റിശാദ് പബ്ലിക്കേഷന്‍,മലപ്പുറം

സമസ്തയുടെ ഫത്വകള്‍ നേരിന്‍റെ ദിശാസൂചികള്‍ - സയ്യിദ് മുഹ്സിറ ഹുദവി കുറുമ്പത്തൂര്‍

സത്യസരണിയുടെ ചരിത്ര സാക്ഷ്യം - സമസ്ത 85 -ാം വാര്‍ഷികോപഹാരം - 2012 (രണ്ടാം പതിപ്പ്)

ഇസ്ലാം ഓണ്‍വെബ്



മുഹമ്മദ് റാഷിദ് കെ.കെ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കര്‍മ്മശാസ്ത്രം; വികാസത്തിന്‍റെ ഇടം
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കര്‍മ്മശാസ്ത്രം; വികാസത്തിന്‍റെ ഇടം
https://blogger.googleusercontent.com/img/a/AVvXsEgXsiS0XytuPcY5_3fK3rmkoJWHYPvga9f-8rBCSWmnk3Ot7VUk2PIoXVGe_LgPGaZz9HesdWoa3-ZFsmCKos-m8Ngga6bBaMiDIQRw8GSgWTupY-QPAz2hvcc_rfDcT9XjsKbXrVQAkqrGc8Q3EhDQi8TTtatS_N0NBuwZLCFAhFYcKAnFPLr3p7MANA=w640-h482
https://blogger.googleusercontent.com/img/a/AVvXsEgXsiS0XytuPcY5_3fK3rmkoJWHYPvga9f-8rBCSWmnk3Ot7VUk2PIoXVGe_LgPGaZz9HesdWoa3-ZFsmCKos-m8Ngga6bBaMiDIQRw8GSgWTupY-QPAz2hvcc_rfDcT9XjsKbXrVQAkqrGc8Q3EhDQi8TTtatS_N0NBuwZLCFAhFYcKAnFPLr3p7MANA=s72-w640-c-h482
Al Ihsan Online Magazine
https://www.alihsanonweb.in/2021/11/jurisprudence%20of%2021st%20Century%20Space%20of%20development.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/11/jurisprudence%20of%2021st%20Century%20Space%20of%20development.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content